ദുബായ്: ഇറാന്റെയും അമേരിക്കയുടെയും ഉപരോധം നേരിടുന്ന ഹോർമുസ് കടലിടുക്കിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുപ്പക്കാരനായ ശതകോടീശ്വരൻ അലക്സി മൊർഡാഷോവിന്റെ ആഡംബര യാനം കടന്നുപോയി.
നോർഡ് എന്നു പേരുള്ള ആഡംബര യാനം വെള്ളിയാഴ്ച രാത്രി ദുബായിൽനിന്നു പുറപ്പെട്ട് ഹോർമുസിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെത്തി.
ഫോബ്സ് മാഗസിൻ പറയുന്നതു പ്രകാരം 3700 കോടി ഡോളർ ആസ്തിയുള്ള മോർഡാഷോവ് റഷ്യയിലെ ഏറ്റവും വലിയ സന്പന്നനാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ മോർഡാഷോവിനെതിരേ പാശ്ചാത്യ ഉപരോധം നിലവിലുണ്ട്.
50 കോടി ഡോളർ വില വരുന്ന നോർഡ് ആഡംബര ബോട്ടിന്റെ ഔദ്യോഗിക ഉടമസ്ഥനായി രേഖപ്പെടുത്തിരിക്കുന്നത് മോർഡോഷോവ് അല്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ നിയന്ത്രണത്തിലുള്ള ഒരു കന്പനിയാണ് ബോട്ടിന്റെ ഉടമസ്ഥർ.